Saturday, January 11, 2025

അച്ഛമ്മ



മിനിങ്ങാന്നു രാവിലെ എന്റെ അച്ഛമ്മ മരിച്ചു.  അച്ഛമ്മക്ക് 101 വയസായി. ഒരു  നൂറ്റാണ്ടു ആയുസ്സനുവദിച്ചു തന്ന കാലത്തിനു നന്ദി പറയേണ്ടത് തന്നെ. അത്ര ഭാഗ്യം ചെയ്ത ഒരാൾ ഈ ഭൂമിയിൽ നിന്നും വിടപറയുമ്പോൾ മരിച്ചുപോയല്ലോ എന്ന് നെടുവീർപ്പിടുകയോ ഏങ്ങലടിച്ചു കരയുകയോ ചെയ്യേണ്ട ആവശ്യം ഇല്ലെന്നു പുറമെ നിന്നും തോന്നുമെങ്കിലും, മരണം എല്ലായ്‌പോഴും വേദന തന്നെ. എന്റെ അച്ചച്ചനെ  ഞാൻ കണ്ടിട്ട് പോലും ഇല്ല. ഞാൻ ജനിക്കുന്നതിനും മുൻപ് അച്ഛച്ചൻ ശ്വാസകോശത്തിന് അർബുദം ബാധിച്ചു മരണപ്പെട്ടിരുന്നു. 30 വർഷത്തോളം അച്ഛമ്മ തനിച്ചായിരുന്നു എന്ന് സാരം. അച്ഛമ്മക്കും അച്ഛച്ചനും 6  മക്കളും 12 പേരക്കുട്ടികളും ഉണ്ട്. അച്ഛമ്മ  കൂടുതലും താമസിച്ചിരുന്നത് ഒന്നുകിൽ കൂടത്തായി തറവാട്ട് വീട്ടിലോ അല്ലെങ്കിൽ മുക്കത്തെ വല്യച്ഛന്റെ കൂടെയോ ആയിരുന്നു. ഞങ്ങളുടെ വീട് ദൂരെ ആയിരുന്നതിനാൽ വല്ലപ്പോഴുമേ എന്റെ വീട്ടിൽ താമസിക്കാൻ വരാറുണ്ടായിരുന്നുള്ളൂ. ഞങ്ങൾ പണ്ട് കുട്ടികളായിരുന്നപ്പോൾ അവധിക്കു കുറച്ചു ദിവസം അവിടെ പോയി നിൽക്കുമായിരുന്നു.പിന്നീട് ഞങ്ങൾ രണ്ടുപേരും കോളേജിൽ ആയി മുതിർന്ന കുട്ടികൾ ആയപ്പോൾ അവിടെ പോയി ഉള്ള താമസം കുറഞ്ഞു. ഇപ്പോൾ അവധിക്കു വരുമ്പോൾ കാണാൻ പോയി ഒന്നോ രണ്ടോ മണിക്കൂർ സംസാരിക്കുന്നതിലേക്ക് അച്ഛമ്മയുമായി ചിലവിടുന്ന സമയം ചുരുങ്ങി. സമയമല്ല ഒരു ബന്ധത്തിന്റെ ആഴത്തിന്റെ അളവുകോലെന്ന് വെറുതെ പറയുന്നതാണ്.എല്ലാം സമയം തന്നെ! 

ഒരു രണ്ടു വര്ഷം മുൻപ് വരെ കണ്ണിനു കാഴ്ച കുറവായിരുന്നു എന്നതൊഴിച്ചാൽ  അച്ഛമ്മക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അടുത്ത കാലം വരെ വീട്ടിൽ വരുമ്പോൾ, മുറ്റം അടിക്കുന്നതും സ്വന്തം വസ്ത്രം അലക്കുന്നതും വരെ സ്വന്തം കാര്യങ്ങൾ എല്ലാം അച്ചമ്മ സ്വയം ചെയ്യുമായിരുന്നു. മഞ്ചിഷ്ടാദി എണ്ണയും വർഷത്തിൽ രണ്ടു മൂന്നു കോടി മുണ്ടും ബ്ലൗസ് ഉം ഒഴിച്ചാൽ അച്ഛമ്മക് കാര്യമായി ആവശ്യങ്ങൾ ഒന്നും തന്നെ ഇല്ല. പവർ ഇനിയും കൂട്ടാനില്ലാത്ത കണ്ണട  ഒരു സമാദാനത്തിനു വേണ്ടി ഫ്രെയിം ഓ ഗ്ലാസ്സോ മാറ്റി കൊടുക്കുന്നതും, അതിൽ പവർ പോരെന്നുള്ള  അച്ഛമ്മയുടെ ദുഖവും വളരെ കാലങ്ങളായുള്ള പതിവ് സംഭവങ്ങളായി മാറിക്കഴിഞ്ഞിരുന്നു. ഞാൻ അച്ഛമ്മയെ കാണുന്ന കാലം മുതൽ അച്ഛമ്മക് ഒരേ രൂപം ആയിരുന്നു. വായിൽ പല്ലില്ല. പണ്ട് തെങ്ങു തലയിൽ വീണപ്പോൾ കൊഴിഞ്ഞു പോയതാണെന്നാണ് അച്ഛമ്മയുടെ ഭാഗം. തലയിലെ മുടി കറുത്തതായിരുന്നു. തൊണ്ണൂറു വയസു കഴിഞ്ഞിട്ടും ഭൂരിഭാഗം മുടിയും കറുത്തതുതന്നെ ആയിരുന്നു. ഇരുപത് വയസ്സിലെ മുടിനരച്ചുതുടങ്ങിയ എനിക്ക് അതിൽ തെല്ലസൂയ ഉണ്ടായിരുന്നു താനും.

രണ്ടു മൂന്നു മാസങ്ങൾക് മുൻപ് അച്ചമ്മ വീണു തൊടയിലെ എല്ലൊടിഞ്ഞു. അതിനു ശേഷം പിന്നീട് ആരോഗ്യ സ്ഥിതി മെച്ചപെട്ടില്ല. പെട്ടെന്ന് തടി കുറഞ്ഞു, കവിളൊട്ടി, കിടപ്പിലായി. ദിവസവും കുളിക്കാൻ ബുദ്ദിമുട്ടായതോടെ മുടി വെട്ടിക്കളഞ്ഞു കഴുത്തിനൊപ്പമാക്കി. പതിയെ പതിയെ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു വന്നു, തീരെ വയ്യാതെ ആയി. ഞാൻ ഒരാഴ്ചമുമ്പ് കണ്ടപ്പോൾ പേരിന് ഒരു ശരീരം മാത്രം ആയി മാറിയിരുന്നു. മേലൊക്കെ മുറിവുകൾ വരാൻ തുടങ്ങിയിരുന്നു. വെള്ളം പോലും കുടിക്കാൻ സാധികാത്ത അവസ്ഥ ആയിരുന്നു. എന്നെ കണ്ടിട്ടും മനസിലായില്ല. ആരെയും മനസിലായില്ല. 

അച്ഛമ്മ മരിച്ചു പോകുമെന്ന് എനിക്ക് അറിയാമായിരുന്നു, എല്ലാവർക്കും അറിയാറിയാമായിരുന്നു. 101  വയസുള്ള ഒരാൾ മരിച്ചുപോകുമ്പോൾ എന്താണ് വിചാരിക്കേണ്ടത്‌ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അധികം ബുദ്ദിമുട്ടാതെ, വേദന സഹിക്കാതെ, സുഖമായി മരിച്ചതിനും, ഇത്ര നാൾ ആരോഗ്യത്തോടെ ഇരുന്നതിനും ദൈവത്തിനോട് നന്ദി പറയുകയാണ് വേണ്ടിയിരുന്നത് എന്ന് എനിക്ക് തോന്നി. എനിക്ക് ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിലും, വിമലിനെ കാണിച്ചുകൊടുക്കാൻ പറ്റിയതിലും സന്തോഷിക്കുകയായിരിക്കാം വേണ്ടത്, എന്നിട്ടും വല്ലാത്ത ശൂന്യത എനിക്ക് അനുഭവപെട്ടു. എന്തുകൊണ്ടാണെന്ന് ഞാൻ ഒരുപാട് ചിന്തിച്ചു, ഒരു ദിവസം മുഴുവൻ ഉറങ്ങിത്തീർത്തു. പക്ഷെ കരഞ്ഞില്ല, വിഷാദത്തിലായില്ല, ഒന്നും ചെയ്തില്ല. 

ഒരാൾ മരിക്കുമ്പോൾ ഒരാൾ മാത്രമല്ല നമ്മുടെ ജീവിതത്തിൽ നിന്നും പോകുന്നത് എന്നതാണ് ആ ശൂന്യതയുടെ കാരണം. ഒരാൾ മരിക്കുമ്പോൾ ആ ആൾ വഴി നാം ബന്ധപ്പെട്ടിരിക്കുന്ന ഒരുപാട് പേർ നമുക് നഷ്ടപ്പെട്ട് പോകുന്നു. ഒരാൾ, വെറും ഒരാൾ,  എത്ര പേരെ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിരുന്ന കണ്ണിയാണെന്നു അപ്പോൾ മാത്രമേ നമ്മൾ തിരിച്ചറിയുന്നുള്ളൂ.

അമ്മച്ചനും അമ്മയും ജീവിച്ചിരുന്ന കാലത്തു എല്ലാ ദിവസവും ഞാൻ തറവാട്ടിൽ പോകാറുണ്ടായിരുന്നു. അമ്മമ്മ ജീവിച്ചിരുന്ന കാലത്ത്  അത് എന്റെയും കൂടെ വീടായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും അവിടെ താമസിക്കാനും, ക്ലാസ്സു നേരത്തെ വിട്ടു വരുമ്പോഴോ, ശനിയാഴ്ചകളിലോ, അവധികൾക്കോ ഒക്കെയും ഞാൻ അവിടെ ആണ് പോയിരുന്നത്. അമ്മമ്മ മരിച്ചു കഴിഞ്ഞപ്പോൾ താമസവും ഇടക്കിടക്കുള്ള പോകും കുറഞ്ഞെങ്കിലും അമ്മച്ചനെ കാണാൻ ഞാൻ അവധിക്കുവരുന്ന എല്ലാ ദിവസവും വൈകുന്നേരം പോകുമായിരുന്നു. അമ്മച്ചൻ ഞങ്ങളുടെ വീട്ടിൽ ആയിരിക്കുന്ന സമയത്ത് അവരെല്ലാം ഇങ്ങോട്ടും വരുമായിരുന്നു. അമ്മച്ചന്റെ മരണ ശേഷം എനിക്ക്  ദിവസവും പോകാൻ ഒരിടമില്ലാതെ ആയി എന്നതാണ് സത്യം. എന്നെ കാത്തിരിക്കാൻ, ഞാൻ  വന്നതും പോയതും അത്ര മേൽ ബാധിക്കുന്ന മറ്റാരും അവിടെയെങ്ങും ഇല്ലന്ന് എന്റെ അമ്മച്ചനും അമ്മമ്മയും പോയപ്പോൾ എനിക്ക് അറിയാമായിരുന്നു. പിന്നീട് വന്നതിന്റെ വിവരമറിയിക്കാനെന്ന വട്ടം ഞാനവിടങ്ങളിലെല്ലാം മുഖം കാണിക്കാൻ പോകുമെന്നതിലപ്പുറം ആ ഭാഗവുമായി എന്റെ ബന്ധങ്ങളൊക്കെയും അവസാനിച്ചതായി എനിക്ക് പലപ്പോഴും തോന്നി. 

പണ്ട് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് മുത്തശ്ശി, അതായത് എന്റെ അമ്മമ്മയുടെ അമ്മ മരിച്ചത്. അത് വരെ ഇടയ്ക്കിടെ വടക്കാഞ്ചേരി പോകുകയും, താമസിക്കുകയും ചെയ്തിരുന്ന ഞങ്ങൾ പിന്നീട് അങ്ങോട്ട് പോയത് വെറും വിരലിലെങ്നാവുന്ന തവണയാണ്.

ഇപ്പോൾ എന്നെ കോഴിക്കോടുമായി ബന്ധപെടുത്തി നിർത്തിയിരുന്ന ആ കണ്ണി അച്ചമ്മയായിരുന്നു. ഉണ്ണി ഒഴിച്ചാൽ ബാക്കി ആരെയും ഞാൻ ഇനി എപ്പോഴൊക്കെ കാണുമെന്നത് ഓർത്തു എനിക്ക് വല്ലാത്ത ദുഃഖം തോന്നി. പലപ്പോഴും ഞാൻ ആലോചിക്കും പണ്ടുള്ള ആളുകൾക്കു ഒരുപാട് മക്കൾ ഉണ്ടായിരുന്നത് കൊണ്ട് ഒരുപാട് ബന്ധങ്ങൾ ഉണ്ടായിരുന്നു. അമ്മച്ചനും അമ്മയും അച്ഛച്ചനും അച്ഛമ്മയും ആ കാര്യത്തിൽ ഭാഗ്യവാൻമാർ തന്നെ. അവർ സ്വന്തം മകളെ ഒക്കെയും കണ്ടു, നിറയെ ആളുകളുടെ ഇടയിൽ സന്തോഷമായി തന്നെ ആയിരിക്കണം ജീവിച്ചത്. ഇന്നത്തെ കാലത്ത് ഒന്നും രണ്ടും കുട്ടികളുള്ള വീടുകളിൽ, അതിൽ ഭൂരിഭാഗം പേരും പുറം രാജ്യങ്ങളിൽ ജീവിതം സ്വപ്നം കണ്ടു കഴിയുന്ന ഒരു കാലത്തു, കുറച്ച് കാലം കഴിയുമ്പോഴേക്കും ആർക്കു ആരാണ് കൂടെ ഉണ്ടാവുക എന്ന് ഞാൻ ഓർത്തു. കുട്ടികളെ കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ നാടാണ് കേരളം എന്ന് മൈത്രേയൻ പറഞ്ഞത് എത്ര സത്യമാണെന്നു ഞാൻ ഓർത്തു. എത്ര ദൗർഭാഗ്യരായ മാതാപിതാക്കളാണ് അവരെന്ന് ഞാൻ ഓർത്തു. കുറച്ചു വര്ഷങ്ങള്ക്കപ്പുറം നമ്മളും അതെ ദൗര്ഭാഗ്യതയിലേക് കൂപ്പുകുത്തുമെന്നു എനിക്ക് ഭയം തോന്നി. ഒരു പക്ഷെ ഒത്തിരി അധികം സ്വാതത്രവും, പണവും ഉള്ള വിശാലമായ ലോകത്തിൽ ഒറ്റപെട്ട്, ആരെയെങ്കിലും ഒക്കെ കാത്തിരിക്കലായിരിക്കാം  നമ്മുടെ ഒക്കെയും ഭാവിയെന്നു എനിക്ക് തോന്നി. 


ഒരാൾ മരിച്ചുപോകുമ്പോൾ, അകന്നുപോകുമ്പോൾ, നാടുവിട്ടുപോകുമ്പോൾ, നഷ്ടപ്പെടുന്നത് ഒരാളെ മാത്രമല്ല, അയാൾ ചേർത്ത് വച്ചിരുന്ന ഒരുപാട് പേരെയാണ്. ഒറ്റപെടുന്നത് ഒരാൾ മാത്രമല്ല, ഒരുപാട് പേരാണ്. അങ്ങനെയിരിക്കെ, മരണം, അതെത്ര വയസിലായിരുന്നാലും ശൂന്യത അല്ലാതെ മറ്റെന്താണ് കൊണ്ടുവരുന്നത്.






ദീപ 

Featured Post

Happy wedding anniversary to US!

It’s been a year since our wedding and two years since we first met. These have been the fastest years of my life. I have no clu...

Search This Blog

Contact Form

Name

Email *

Message *