ഞാൻ മഴ നനഞ്ഞിട്ടു ഇപ്പോൾ ഒരുപാട് വർഷങ്ങളായിരിക്കുന്നു. അന്തർമുഖരായ ആളുകൾ ജീവിക്കുന്ന മനോഹരമായ, ആരും കാണാത്ത ഒരു ലോകം ഉണ്ട്. അത് മറ്റുള്ളവർക്കു കാണാൻ കഴിയുകയില്ല.
ഞാൻ അന്തർമുഖയായ ആളാണ് എന്നത് ഇതിനു മുൻപ് തന്നെ പറഞ്ഞു വെച്ചതാണല്ലോ!
കുഞ്ഞായിരിക്കുമ്പോൾ മുതൽ ഞാൻ ജീവിച്ചുപോയത് അത്തരം ഒരു ലോകത്തിലാണ് . ഞാൻ കാര്യങ്ങളെ കാണുന്നതും മനസ്സിലാക്കുന്നതും ഗ്രഹിക്കുന്നതും എല്ലാം അതിൽ നിന്നാണ്. മഴയുടെ നേർത്ത നനവുള്ള എന്റെ ആ ലോകം എവിടെയാണ് നഷ്ടപെട്ടത്? ഈ കടുത്ത വേനലിൽ നിന്ന് എന്നാണ് മോചനം? ഒരു മഴ, അതിനി എന്നാണ്? ഹൃദയം നനക്കുന്ന ഒരു മഴ ഇനി എന്നാണ്?
മഴ കാണാൻ വേണ്ടി മാത്രം എത്ര പൊള്ളുന്ന വേനലും സഹിക്കാമെന്നുമാത്രം എനിക്കിപ്പഴും അറിയാം. എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി മഴ വെറും വെള്ളം വന്നു വീഴുന്ന യന്ത്രികമായ ഒരു സമയം മാത്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ എത്രയോ വർഷങ്ങൾക്കിടയിൽ ഒരു മഴ നനഞ്ഞതായി, മനസ് തണുത്തതായി, തോന്നിയിട്ടേയില്ല. ഇനിയൊരിക്കലും അത്തരമൊരു മഴ നനയാൻ കഴിയുമെന്ന് പോലും വിചാരിച്ചതല്ല. മനസ് വരണ്ട ഭൂമിപോലെ ഉറഞ്ഞു പോയിരുന്നു. ചില്ലകൾ കരിഞ്ഞു വസന്തം മറന്നു പോയിരുന്നു. ചുറ്റും പെയ്ത മഴവെള്ളം എന്നെ തൊടാതെ കടന്നുപോയിരുന്നു. എന്നിട്ടും നിനച്ചിരിക്കാതെ ഇന്ന് ഒരു മഴ പെയ്തിരിക്കുന്നു. പഴയപോലെ ഇന്നിതാ ഒരു മഴ നനഞ്ഞിരിക്കുന്നു. പൂക്കാൻ കൊതിക്കാത്ത കൊമ്പിൽ വസന്തം വന്ന പോലെ....
ഈ ജനാലഴികളിൽ മഴ വെള്ളം വീണു, ഇവിടമാകെ തണുത്തിരിക്കുന്നു. ഈ രാത്രി, ചില്ലുവാതിലിലൂടെ, ആർത്തിരമ്പുന്ന ഈ മഴ, എന്നോട് വീണ്ടും കഥ പറയുന്നു. മിന്നലിന്റെ വെളിച്ചം എന്നെ വീണ്ടും തലോടുന്നു. ആരാണ് വീണ്ടും ഈ മഴ എന്നിലേക്കു കൊണ്ടുവന്നിരിക്കുന്നത്. ഉറക്കത്തിനും ഉന്മാദത്തിനും ഇടയിലെ നേർത്ത ഇടവഴികളിൽ എവിടെയാണ് അതിനുത്തരം തിരയേണ്ടത്. ഈ മഴ ഇന്നെവിടെ നിന്ന് വന്നു? ആരുടെ സുഗന്ധമാണ് ഇവിടമാകെ?
വീണ്ടും പൂക്കാൻ ചില്ലകൾ തന്നതിന്, നനയാൻ മഴയായതിന്, കാത്തിരിക്കാന്‍ മാത്രം മനോഹരമായ സ്വപ്നങ്ങൾ തന്നതിന്, മറന്നുപോയ ഈണങ്ങള്‍ക്കും, ഇരുണ്ടുപോയ നിറങ്ങള്‍ക്കും ജീവന്‍ തന്നതിന്, അങ്ങനെ പറയാന്‍ പോലും അറിയാത്ത എന്തിനൊക്കെയോ..
ഈ മഴകാലത്തിനും... ആരോടാണ് നന്ദി പറയേണ്ടത്?
ഏറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്.