
എത്രയും പ്രിയപ്പെട്ട നിനക്ക്,
ഒരിക്കൽ എങ്കിലും തിരിച്ചു വരാനായിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കാത്ത ദിവസങ്ങളില്ല. നമ്മുടെ മുറ്റത്തെ തെച്ചിയും തേന്മാവും കിണറ്റിൻ കരയിലെ കുറ്റിമുല്ലയും പാടവും നെല്ലിപ്പൂക്കളും ഞാൻ ഇടയ്ക്കിടെ ഓർക്കുന്നു. സ്വപ്നത്തിൽ തുമ്പിയും, വെള്ളയിൽ കറുത്ത ചായം ചിന്നിയ വലിയ ചിറകുള്ള ചിത്രശലഭങ്ങളും, മഴയത്തു പൊങ്ങി വന്നു, നമ്മുടെ ചിമ്മിനി വെളിച്ചത്തിൽ നീറി ആത്മഹൂതി ചെയ്യുന്ന ഈയാംപാറ്റകളും എന്നെ ഇടയ്ക്കിടെ വിളിച്ചുണർത്തുന്നു. രാത്രി ഞെട്ടി എഴുന്നേൽക്കുമ്പോൾ ഈ ശൂന്യത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
നമ്മൾ കണ്ട സ്വപ്നങ്ങളൊക്കെയും സ്വപ്നങ്ങളായിത്തന്നെ അവശേഷിക്കുകയാണല്ലോ! കാലങ്ങളിലായി കാടുപിടിച്ചുകിടക്കുന്നു ഈ ചേമ്പിലകൾക്കിടയിൽ എവിടെയോ ഒരു താമരക്കാട് ഒളിഞ്ഞു കിടക്കുന്നുണ്ടാവുമെന്നു ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നപോലെ സ്വപ്ങ്ങൾ എപ്പോഴും മായ തന്നെ! നമ്മൾക്കിടയിലെ ദൂരം വല്ലാതെവകൂടി വരുന്നതായി തോന്നുന്നു.നാട്ടിൽ വരുമ്പോഴൊക്കെയും ഞാൻ അവിടെയൊക്കെ നിന്നെ തേടിനടന്നിട്ടും കണ്ടുകിട്ടുന്നില്ലല്ലോ!കുളപ്പാളകടവിലും, മാവിന്ചോട്ടിലും, അമ്പലക്കടവിലും, അമ്മമ്മയുടെ വീടിന്റെ തെക്കേത്തൊടിയിലും എല്ലാം നോക്കി നോക്കി ഞാൻ തളർന്നിരിക്കുന്നു.
എല്ലാം മാറിയിട്ടും ഒന്നും മാറാത്ത പോലെ! നാട്ടിലൊക്കെ വലിയ കടകളും, രാത്രിയും പകലും റോഡ് നിറയെ ആളുകളും, നമ്മുടെ പാടം മുഴുവൻ വീടുകളും ആണിപ്പോൾ. വാടകവീട്ടിൽ ഇപ്പോൾ പണ്ടത്തെ പോലെ തന്നെ രണ്ടു ചെറിയ കുട്ടികൾ ഉണ്ട്. അവർക്കെന്നെ വലിയ കാര്യം തന്നെ. പഴയപോലെ അമ്മയുടെ വണ്ടിയുടെ പിന്നിലിരുന്നു ഞാൻ ഇപ്പോഴും തീരൂരിലും ഓഫീസിലും പോവാറുണ്ട്. പോയി വരുമ്പോഴൊക്കെ കെ ആർ ബേക്കറി യിൽ നിന്ന് അമ്മ ജ്യൂസ് ഉം പഫ്സ് ഉം വാങ്ങിത്തരും. വരുന്ന വഴി ക് പൂഴിക്കുന്നു എത്തുമ്പോൾ മാമനെ കാണും. മാമൻ പഴയ പോലെ തന്നെ ആക്ടിവയിൽ ഇരുന്നു ഫ്രണ്ട്സിനോട് സംസാരിക്കുന്നുണ്ടാവും. അമ്മമ്മയും അമ്മച്ചനും പോയി! എന്നിട്ടും ഇപ്പോൾ അച്ചുവിന്റെ കുട്ടികളെ കാണാൻ ഞാൻ അവിടെ പോവും. തിരികെ വീട്ടിലെത്തുമ്പോൾ അച്ഛൻ ടി വി കണ്ടോണ്ടിരിക്കുന്നുണ്ടാവും .
എല്ലാം പഴയ പോലെ തന്നെ ആയിരുന്നിട്ടും പഴയ പോലെ ഇവിടെ ഇപ്പോൾ ഒന്നിനും ഭംഗി തോന്നുന്നില്ല. കണ്ടു പഴക്കം ചെന്ന ഈ വഴികളും പരിചിതമായ മുഖങ്ങളും എനിക്ക് അന്യമായി തോന്നുന്നു. ചവിട്ടി നിൽക്കാൻ ഒരു ഭൂമിയില്ലാതെ എത്തിപ്പിടിക്കാൻ ഒരാകാശമില്ലാതെ അപരിചിതമായ ഏതോ വഴിയിൽ ഒറ്റപ്പെട്ട കുട്ടിയെ പോലെ ഞാനിവിടെ നഷ്ടപ്പെട്ട് പോയിരിക്കുന്നു.
നമ്മൾ പണ്ട് കാണാറുണ്ടായിരുന്നു സ്വപ്നം നിനക്കോര്മയുണ്ടോ? പല നിറങ്ങളിലുള്ള കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു നൂൽ കൂമ്പാരം നമ്മൾ കെട്ടഴിച്ചു നിവർത്താൻ നോക്കുന്നത്? ഞാനിപ്പോഴും ആ സ്വപ്‌നം കാണാറുണ്ട്. നേരെയാകും തോറും കെട്ടുകുടുക്ക് കൂടിക്കൂടി വരും. ആ സ്വപ്നം നമ്മുടെ ജീവിതം തന്നെയെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട്.
എത്ര വെള്ളമൊഴിച്ചിട്ടും തളിർക്കാത്ത ഇലകളെയും താലോലിച്ചിട്ടും പൂക്കാത്ത മരങ്ങളെയും നോക്കി നോക്കി, പിന്നെയും പിന്നെയും വെള്ളവും വളവും നൽകി താലോലിച്ചും ഓമനിച്ചും ഈ ജീവിതം അങ്ങനെ അങ്ങ് തീർന്നുപോവുമെന്ന് ഇടക്കൊക്കെ തോന്നും. ചുറ്റിലും നമ്മുടെ വെള്ളം കാത്തുനിൽക്കാതെ തളിരിട്ട് തണലായ മരങ്ങളും, താലോലിക്കാൻ ഒരു കരം കാത്തുനിൽക്കുന്ന പൂമരങ്ങളും കാണാം. അങ്ങ് ദൂരെ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്ന കല്യാണ സൗഗന്ധികം കാറ്റത്തു പൂക്കൾ പൊഴിച്ച്, വെള്ള പരവദാനി വിരിച്ച് എന്നെ വിളിക്കുന്നു. പൂക്കാത്ത മരങ്ങൾക്കും തളിരിടാത്ത ഇലക്കൾക്കും നന്ദി പറഞ്ഞു മനസ്സിൽ നമ്മൾ തീർത്ത പൂന്തോട്ടത്തിനു വിട പറയേണ്ട സമയമായിരിക്കുന്നു. മാറ്റമല്ലാതെ മറ്റൊന്നും ശാശ്വതമായില്ലെന്നു നമ്മൾ വായിച്ചത് എത്ര ശരി തന്നെ!!!
എന്ന് സ്വന്തം ദീപ.
Bhopal
09/05/24
No comments:
Post a Comment