എന്റെ പഴയ വീട്ടിലെ പത്തായത്തിൽ അമ്മച്ഛൻ മരിച്ചുകിടക്കുന്നതായി ഞാൻ ഇന്ന് രാവിലെ ഒരു സ്വപനം കണ്ടു. ഇതിനെ ദുസ്വപ്നമെന്നാണോ പറയേണ്ടതെന്നു ഒരു നിമിഷം ഞാൻ ആശങ്കപ്പെട്ടു. എന്റെ അമ്മച്ഛൻ വർഷങ്ങൾക്കു മുൻപേ മരിച്ചുപോയതാണ്. അന്നെന്റെ എംബിബിസ് പ്രീപ്രൊഫ് എക്സാം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അമ്മച്ഛൻ മരിച്ചെന്നു ആരും തന്നെ എന്നോട് പറഞ്ഞില്ല. ഫേസ്ബുക് ഇൽ രാജുമാമന്റെ പോസ്റ്റ് കണ്ടാണ് ഞാൻ മരണവിവരം അറിഞ്ഞത്. പിന്നീടുള്ള കാഴ്ചകൾ അസഹനീയം ആയിരുന്നു. അശ്വസിപ്പിക്കാൻ ഒരാളില്ലാതെ, കെട്ടിപിടിച്ചു കരയാൻ ഒരാളില്ലാതെ ഞാൻ ഒരു ഹോസ്റ്റൽ മുറിയിൽ ദിവസങ്ങൾ കഴിച്ചുകൂട്ടി. അമ്മച്ഛൻ 5 വർഷത്തോളമായി കിടപ്പിലായിരുന്നു. മരിക്കുന്നതിന് 2 ദിവസം മുൻപ് അമ്മ വിളിച്ചപ്പോൾ അമ്മച്ചന് ഫോൺ കൊടുക്കണോ എന്ന് ചോദിച്ചിരുന്നു, അന്ന് ഞാൻ വേണ്ട ന്നു പറഞ്ഞു. പരീക്ഷയുടെ ഇടയിൽ എനിക്ക് ആരോടും സംസാരിക്കാൻ തോന്നിയില്ലായിരുന്നു. എനിക്ക് ഇന്ന് വരെ ആ പശ്ചാത്തപത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിച്ചില്ല. അമ്മച്ഛൻ മരിച്ചുകഴിഞ്ഞു പലരും അമ്മച്ഛനെ സ്വപ്നത്തിൽ കണ്ടതായി പറഞ്ഞപ്പോഴും എന്റെ സ്വപ്നങ്ങളിൽ മാത്രം അമ്മച്ഛൻ ഒരിക്കൽ പോലും വന്നില്ലല്ലോ എന്ന് ഞാൻ വ്യാകുലപ്പെട്ടു. ഇതിനിടെ കഴിഞ്ഞ വർഷങ്ങളിൽ ഒരു തവണ അമ്മച്ചനും അമ്മമ്മയും എന്റെ സ്വപ്നത്തിൽ വന്നു. ഗുരുവായൂർ മമ്മിയൂർ അമ്പലത്തിന്റെ മുന്നിൽ ഞങ്ങൾ എല്ലാവരും നില്കുന്നതായിട്ടായിരുന്നു ആ സ്വപ്നം. ഇന്നലെ ആണ് വീണ്ടും ഞാൻ അമ്മച്ചനെ സ്വപ്നത്തിൽ കണ്ടത്. അങ്ങനെ എങ്കിലും വീണ്ടും കണ്ടല്ലോ എന്ന് എനിക്ക് ഒരല്പം സന്തോഷവും, എന്നാൽ ദുഖിപ്പിക്കുന്ന ആ കാഴ്ചയുടെ വേദനയും ഇന്നു മുഴുവൻ എന്നെ പിന്തുടർന്നു, അമ്മച്ചന്റെ പഴയ സൈക്കിൾ ഉം, അതിനു മുന്നിൽ എനിക്കിരിക്കാനുണ്ടാക്കിയ ചെറിയ സീറ്റ്‌ഉം, പാടത്തു ഞങ്ങളെല്ലാം ചേർന്ന് തെങ്ങിന് വെള്ളം നനക്കുന്നതും, അമ്മച്ചന്റെ ഊന്നു വടിയും ചന്ദനക്കുറിയും. അമ്മമ്മ ദേഷ്യം പിടിക്കുമ്പോൾ അമ്മച്ഛൻ പാടുന്ന പാട്ടും... " മുല്ലപ്പൂ പല്ലിലോ.. മൂക്കുത്തി കവിളിലോ... "😅 ഇന്നു മുഴുവൻ എന്റെ മനസ്സിൽ അമ്മച്ചനായിരുന്നു.
പണ്ട് ഞാൻ നന്നേ കുഞ്ഞായിരുന്ന കാലത്ത് അമ്മച്ഛനും അമ്മമ്മയും മാസം തോറും ഗുരുവായൂർ തൊഴാൻ പോകുമ്പോൾ ഞാൻ ആയിരുന്നു കൂടെ പോയിരുന്നത്. അവിടെ എത്തുന്നത് വരെ അമ്മച്ചന്റെ മടിയിൽ കിടന്നുറങ്ങി, അമ്മച്ചന്റെ മേലാകെ ശർദിച്ചു നശിപ്പിച്ചു, അതും പോരാഞ്ഞു രാത്രി ഹോട്ടൽ മുറിയിലെ കിടക്കയിൽ മൂത്രം ഒഴിച്ച് അമ്മച്ചന്റെയും അമ്മമ്മയുടെയും ഉറക്കം കളയുന്നതൊക്കെ അന്നത്തെ എന്റെ പ്രദാന വിനോദങ്ങളായിരുന്നു.
എനിക്ക് ഒരു 5 വയസൊക്കെ കാണുമാരിക്കും.. അന്ന് ഒരു സംഘ നിർത്തത്തിനോ മറ്റോ തലയിൽ വെപ്പുമുടി വക്കാൻ നോക്കിയപ്പോൾ ഞാൻ വേദനിച്ചു കരയാൻ തുടങ്ങി, അന്നെന്റെ വിഷമം കാണാൻ പറ്റാതെ, ആ ടീച്ചറെ അമ്മച്ഛൻ ചീത്ത പറഞ്ഞു മുടി വക്കാൻ സമ്മതിച്ചില്ല. ഒടുവിൽ ബാക്കി 5 കുട്ടികളും മുടി കെട്ടിയ കുറത്തികളായി ഡാൻസ് കളിച്ചപ്പോൾ ഞാൻ മാത്രം ഒരു boycut ഉള്ള കുറത്തി ആയി 😅.
എന്നെ ആദ്യമായി ചിത്രം വരയ്ക്കാൻ ദേവദാസ് സർ ന്റെ ക്ലാസ്സിൽ കൊണ്ട് ചെയ്തതും, പണ്ട് ഞാൻ ചൊല്ലുന്ന കവിത കേൾക്കുന്നതും എന്റെ ചിത്രങ്ങൾ കണ്ട് അഭിനദിക്കുന്നതും, ഞാൻ അവിടെ നിന്നും കോളേജ് എത്തുന്ന വരെ എന്റെ ട്രെയിൻ പോകുന്ന വഴി ഓർത്തു അമ്മയോട് ചോദിക്കുന്നതും മരിക്കുന്നതിന് 6 മാസം മുൻപ് കയ്യിലെ ആനവാൽ മോതിരം ഊരി എന്റെ കയ്യിൽ തന്നതും വരെ ഒരായിരം ഓർമ്മകൾ ഇന്ന് എന്നെ കരയിപ്പിച്ചു. അമ്മച്ഛൻ മരിച്ചത് ഒരു ഗുരുവായൂർ ഏകാദശി ക്കാണ് അന്ന് സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്ന ദിവസം ആണെന്നാണ് വിശ്വാസം.
സ്വർഗത്തിൽ അല്ലാതെ എന്റെ അമ്മച്ഛൻ വേറെ എവിടെ പോകാനാണ്!
No comments:
Post a Comment