പല തവണ പറഞ്ഞ കഥ തന്നെയാണ്, പണ്ട് എന്റെ കുട്ടികാലത്തു ഞങ്ങളുടെ വീട് ഒരു വലിയ പാടത്തിന്റെ നടുകാർന്നു.ആ കാലത്ത്, എന്റെ വീടിന്റെ അവിടെ ആകെ 4-5 വീടുകളെ ഉണ്ടാർന്നുള്ളൂ. എന്റെ വീട്, മാളു താത്ത, ശാരദ അമ്മ, ഹജ്യാർ, തങ്കു വല്യമ്മ പിന്നെ ഇമ്പിച്ചി വല്യമ്മ
ഇമ്പിച്ചി വല്യമ്മക് 4 മക്കളാണ്. പ്രജീഷേട്ടൻ, പ്രബിത ചേച്ചി, സബിത ചേച്ചി, കുട്ടമോൻ.
എന്റെ കുട്ടികാലത്തു അവിടെ കുട്ടികൾ ആയിട്ട് ഞാനും ഹരിയും മാത്രേ ഉള്ളൂ, അന്ന് പ്രബിത ചേച്ചിക് ഒരു 20 വയസൊക്കെ കാണുമാരിക്കും, കുട്ടമോൻ ചേട്ടനും ഏകദേശം 15 വയസ്.
അമ്മയും അച്ഛനും തിരിച്ചു വരുന്നത് വരെ എന്നേം ഹരീനേം നോക്കിയിരുന്നത് പ്രബിത ചേച്ചി ആണ്. ചേച്ചി അന്ന് ആഴ്ച പതിപ്പിൽ വരുന്ന പാട്ടും സിനിമ നടൻ മാരുടെ ഫോട്ടോയും ഒകെ വെട്ടി വക്കും.ഞങ്ങൾ ഒരുമിച്ച് സിനിമ പേജിന്റെ വരികൾ ഒകെ പഠിക്കും.
ശനിയാഴാചയും ബാക്കി ഒഴിവുദിവസങ്ങളിൽ ഒക്കെ ഞാൻ ഒറ്റക്കാണെങ്കിൽ ചേച്ചിടെ വീട്ടിൽ പോയി ഇരിക്കും ഇടക്. നല്ല ഓല മേഞ്ഞ വീടാരുന്നു ആ കാലത്ത് ഇമ്പിച്ചി വല്യമ്മേടത്.
വൈകുന്നേരം അമ്മ വന്നാൽ പിന്നെ എല്ലാരും കൂടെ അലക്ക് കല്ലിന്റെ അവിടെ ഇരുന്നു നാട്ടിലെ കഥകളൊക്കെ പറയും.ശാരദ അമ്മയും സബിത ചേച്ചിയും പ്രബിത ചേച്ചിയും മാളു താത്തയും എല്ലാം വരും. അമ്മ ഉടുപ്പൊക്കെ അലക്കി ഇടും ഈ സമയത്ത്. ആ സമയത്ത് എന്റെ അടുത്ത വീടുകളിൽ ജോലിക് പോയിരുന്ന സ്ത്രീ അമ്മ മാത്രമേ ഉണ്ടാരുന്നുള്ളൂ.
അമ്മ വെറുതെ ഇരിക്കണത് ഞാൻ കണ്ടിട്ട് ഇല്ല. എപ്പോഴും എന്തെങ്കിലും ചെയ്തോണ്ടിരിക്കും. അന്നൊക്കെ രാവിലെ 5 മണിക്ക് എണീക്കും., 7.30 ആവുമ്പോഴേക്കും രാവിലത്തെയും ഉച്ചക്കുള്ള ഊണും റെഡി ആകും. ജോലിക് പോവും. അന്നൊന്നും സ്കൂട്ടി ഇല്ല അമ്മക്. നടന്നാണ് പോയിരുന്നത്. സന്ധ്യ ആവുമ്പോഴേക്കും വരും, അപ്പോഴേക്കും ഞാനും ഹരിയും വീടൊക്കെ വൃത്തിയാക്കി ചായ ഉണ്ടാക്കി വക്കും, ഉടുപൊക്കെ മടക്കി വക്കും . അമ്മ വന്നാൽ പിന്നേ അലക്കലും രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കലും ആണ്.
ഞാനും ഹരിയും ഹോംവർക് ഒകെ ചെയ്ത് അച്ഛൻ വരാൻ കാത്തിരിക്കും.
അന്ന് അച്ഛൻ ജോലി കഴിഞ്ഞ് വരണത് രാത്രി 9-9.30 ക്ക് ആണ്. രാത്രി ആയാൽ പിന്നെ ചുറ്റും ആകെ ഇരുട്ടാണ്. അന്നൊക്കെ അച്ഛൻ വരുന്നത് വരെ കുട്ടമോൻ ചേട്ടൻ വീട്ടിൽ വന്നിരിക്കും.ചില ദിവസം അനി മാമൻ ചില ദിവസം മുജീബ്ക്ക അന്ന് ഇവരൊക്കെ ചെറിയ കുട്യോളാണ്. എന്നെക്കാളും 7-8 വയസ് കൂടുതൽ കാണും. അനി മാമൻ 20 വയസൊക്കെ കാണും.
ഞങ്ങൾ എല്ലാരും ഉമ്മറത്തു ഇരുന്ന് TV കാണും. അന്ന് താലി ന്നു പേരുള്ള ഒരു സീരിയൽ ആരുന്നു നമ്മൾ കാണാറുണ്ടാരുന്നത്. അച്ഛൻ വന്നാൽ പിന്നെ ഞങ്ങൾ എല്ലാരും അത്താഴം കഴിക്കും.
ആ കാലം തൊട്ട് ഇവരൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗം ആണ്. കഴിഞ്ഞ 12 വർഷത്തിൽ ഞാൻ ഇവരെയൊക്കെ വർഷത്തിൽ 5-10 തവണയേ കണ്ടിട്ടുള്ളൂ.
എന്നെ എല്ലാവരും അന്ന് ദീപുട്ടി ന്നാണ് വിളിച്ചിരുന്നത്, അനി മാമൻ ദീപുട്ട ന്നും. ഇപ്പോഴും അങ്ങനെ തന്നെ, അതെ സ്നേഹത്തോടെ തന്നെ ആണ് എല്ലാവരും എന്നെ വിളിക്കുന്നതും അതെ സ്നേഹത്തോടെ ആണ് സംസാരിക്കുന്നതും.
എല്ലാ തവണയും നാട്ടിൽ ഒഴിവിന് പോവുമ്പോൾ ഇവരൊക്കെ കാണാൻ വരും വിശേഷം ചോദിക്കും. വളരെ സ്നേഹമുള്ള ഒരുപാട് പേരുടെ ഇടയിലാണ് ഞാൻ വളർന്നതെന്നു അപ്പോഴൊക്കെയും ഞാൻ ഓർക്കാറുണ്ട്.
4-5 വർഷം മുൻപാണ് കുട്ടമോൻ ചേട്ടന് കാൻസർ ആണെന്ന് മനസിലായത്. ഒരു കളിൽ പോളിയോ വന്നു ചെറിയ ബുദ്ദിമുട്ടുണ്ട് കുട്ടേട്ടന് നടക്കാൻ. പക്ഷെ അവിടെ എല്ലാടത്തും ഓടി നടന്നു എല്ലാ കാര്യത്തിനും കാണും. വർക്ഷോപ്പില്, പണ്ട് സിഡി കടയില്, തയ്യൽ കടയില് അങ്ങനെ എല്ലാടത്തും ജോലിക് പോവും. നിറയെ കൂട്ടുകാരും.. അങ്ങനെ എല്ലാടത്തും ഉണ്ടാവും.എല്ലാരും കളിയാക്കി പറയും നിനക്ക് രണ്ടു കാലും തികച്ചുണ്ടാർന്നെങ്കിൽ എന്തായേനെന്നു. ജീവിതത്തിൽ ഇത്രേം പോസിറ്റീവ് ആയിട്ടുള്ള ആൾക്കാരെ കണ്ടുകിട്ടില്ല.
കാൻസർ ആയതിനു ശേഷം പിന്നെ പുറത്തിറങ്ങാൻ പറ്റാതെ ആയി. തിരുവനന്തപുരത്ത് RCC ലാണ് ചികിത്സ. 2-3 വർഷം കൊണ്ട് ആളെ കണ്ടാൽ മനസിലാവാത്ത പോലെ ആയി. എപ്പോഴും വീട്ടിൽ തന്നെ. വീട്ടിൽ പോവുമ്പോ ഞാനും കാണാൻ പോവും. കൊറേ സ്നേഹത്തിൽ സംസാരിക്കും.ഇന്നലെ രാത്രി കുട്ടേട്ടൻ മരിച്ചു.ഞാൻ അവിടെ ഇല്ലാത്തത് എത്ര നന്നായെന്നാണ് എനിക്ക് തോന്നിയത്. ഓരോരുത്തര് പോവുമ്പോ ആണ് അവരെത്ര പ്രാധാന്യം ഉള്ള ആൾകാരാണെന്നു ഓർക്കുന്നത്.
ഇനി പോവുമ്പോ കാണാൻ വരാൻ കുട്ടേട്ടൻ ഉണ്ടാവൂല.ഇമ്പിച്ചി വല്യമ്മേടെ വീട്ടിൽ കാണാൻ പോവാനും ആരും ഇല്ല.പക്ഷെ ഇവിടെ ഒരോർമ ആയിട്ട് ഇരുന്നോട്ടെ. എഴുതി വച്ചില്ലെങ്കിൽ മറന്നു പോവുംന്നുള്ളതുകൊണ്ടല്ല, എന്നാലും ഇരുന്നോട്ടെ.
No comments:
Post a Comment